തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില് നിന്ന് ഏകപക്ഷീയമായി പിന്മാറാന് സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്ത്തിച്ച് വിദ്യാഭ്യാസമന്ത്രി എന്.ഷംസുദ്ദീന്. കരാറില് എന്തെങ്കിലും ഭേദഗതി ഉണ്ടായാല് പരസ്പര സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാന് കഴിയുകയുള്ളൂവെന്നും, പദ്ധതിയില് എന്ത് തുടര്നടപടി സ്വീകരിക്കണമെന്ന് ഉപസമിതി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയില് പറഞ്ഞു. കേന്ദ്രവിഹിതം ലഭ്യമാക്കാന് കോടതിയില് പോകാന് തയ്യാറുണ്ടോയെന്ന് കെ.എന് ബാലഗോപാല് സഭയില് ചോദിച്ചു.
‘പിഎം ശ്രീ പദ്ധതിയില് നിന്ന് ഏകപക്ഷീയമായി പിന്മാറാന് സംസ്ഥാനത്തിന് കഴിയില്ല. കരാറില് എന്തെങ്കിലും ഭേദഗതി ഉണ്ടായാല് പരസ്പര സമ്മതത്തോടുകൂടി മാത്രമെ നടപ്പാക്കാന് സാധിക്കുകയുള്ളൂ. വിഷയത്തില് എന്ത് തുടര്നടപടി സ്വീകരിക്കണമെന്ന് ഉപസമിതി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തീരുമാനിക്കും. പദ്ധതി നടപ്പാക്കാമെന്ന് അറിയിച്ച് കഴിഞ്ഞ സര്ക്കാര് കരാറില് ഒപ്പുവെച്ചത് മാത്രമാണ് നിലവിലെ പ്രതിസന്ധി. തമിഴ്നാട് മാത്രമാണ് കരാറില് ഒപ്പിടാത്തത്. ഉപസമിതി രണ്ട് തവണ യോഗം ചേര്ന്നു. എന്നാല്, അന്തിമറിപ്പോര്ട്ട് ഇതേവരെയും തയ്യാറാക്കിയിട്ടില്ല.’ മന്ത്രി വ്യക്തമാക്കി.
തടഞ്ഞുവെച്ച വിഹിതം നല്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മുഖത്ത് നോക്കി ആവശ്യപ്പെടാന് ആര്ജവം കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രവിഹിതം ലഭ്യമാക്കാന് കോടതിയില് പോകാന് തയ്യാറുണ്ടോയെന്ന് കെ.എന് ബാലഗോപാല് ചോദിച്ചു. വിഷയത്തില് തമിഴ്നാട് കേസിന് പോയിട്ട് എന്താണുണ്ടായതെന്ന് മന്ത്രി തിരിച്ചടിച്ചു. എല്ഡിഎഫ് തങ്ങളെ ഉപദേശിക്കുന്നതില് അര്ത്ഥമില്ലെന്നും ഉപസമിതി യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രിയും, അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ടെങ്കിലും, യഥാര്ത്ഥത്തില് പിഎം ശ്രീയില് എന്താണ് തീരുമാനമെന്ന് വ്യക്തമാക്കണമെന്ന് സജി ചെറിയാന് ആവശ്യപ്പെട്ടു. രാഷ്ട്രീയ സമരത്തിന് യുഡിഎഫ് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.







