പട്ടാമ്പി : വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ളിയാരുടെ മകൾ ഫാത്തിമ സഹറ (അഞ്ച്), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ പരിസരത്തായി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ സഹറ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഹനാൻ ഇന്ന് രാവിലെയാണ് മരിച്ചത്.







