ചങ്ങരംകുളം:രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അസ്ഥിവാരത്തെതന്നെ തകർക്കാൻ വേണ്ടി നടക്കുന്ന ഗുരുതരമായ ഭരണഘടനാവിരുദ്ധ സമീപനങ്ങളെയും പ്രവർത്തനങ്ങളെയും ഇന്ത്യൻ ജനത ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ്
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും തീർത്തും അന്യായമായി പൗരസമൂഹത്തിൽപ്പെട്ട ജനവിഭാഗങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വെട്ടിക്കളയാനും നടത്തുന്ന പ്രവർത്തനങ്ങൾ ജനാധിപത്യ ബോധമുള്ള ജനങ്ങൾ നോക്കി നിൽക്കുകയില്ല.ഭരണഘടനാപരമായ അടിസ്ഥാനാവകാശങ്ങളെ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടികളെ ഭരണഘടന കൊണ്ടുതന്നെ തോൽപ്പിക്കാനുള്ള ബോധം ജനങ്ങൾക്കുണ്ടെന്ന് ചങ്ങരംകുളത്ത് പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സമദാനി.
എസ്ഐആർ, ഒരു രാജ്യം ഒരു വോട്ട്,,ഡീലിമിറ്റേഷൻ എന്നീ ഓമനപ്പേരുകളിൽ കൊണ്ടുവന്ന പരിഷ്കരണമെന്ന് പേരിട്ട നടപടികൾക്ക് പിന്നിലെ ദുഷ്ടലാക്കാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ആയിരക്കണക്കിന് പേരെ
വോട്ടർ പട്ടികയിൽ നിന്ന് മാറ്റുക എന്ന കുതന്ത്രമാണ് ഇതിന്റെയെല്ലാം പിറകിലെന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമായും ന്യൂനപക്ഷ ജനസമൂഹത്തെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ നടപടിയെന്ന് പ്രമുഖ ദേശീയ പത്രങ്ങൾ തന്നെ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.വിശേഷിച്ചും കർണാടകയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്നത് ഞെട്ടിപ്പിക്കുന്ന ബോട്ടവകാശനിഷേധമാണ്.അവിടെയെല്ലാം ജനങ്ങളുടെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.
ഫോറം ആറിൽ അനാവശ്യമായ പുതിയ ചോദ്യങ്ങൾ എങ്ങനെ തിരുകിക്കയറ്റിയെന്ന് ഇലക്ഷൻ കമ്മീഷനിൽ അധികൃത സ്ഥാനത്തിരിക്കുന്നവർ തന്നെ ചോദിക്കുന്ന അവസ്ഥയുണ്ടായി. ഫോറം ഏഴിൽ പൗരന്മാരുടെ പേരുകൾ വെട്ടിമാറ്റി തൽസ്ഥാനത്ത് പരാതിക്കാർ എന്ന പേരിൽ ചില പേരുകൾ എഴുതിച്ചേർത്തിരിക്കുന്നു. മിക്ക സ്ഥലങ്ങളിലും ഒരേ പരാതിക്കാരൻ.അയാളോട് അന്വേഷിച്ചപ്പോഴാകട്ടെ അങ്ങനെയൊരു പരാതി താൻ നൽകിയിട്ടില്ല എന്ന വെളിപ്പെടുത്തലുംആകെക്കൂടി ലോകത്തിലെ ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയെ പരിഹസിക്കുന്ന പ്രവർത്തനങ്ങളാണ് ഈ നടക്കുന്നത്. ഭരണഘടനക്ക് രൂപം നൽകിയ ഇന്ത്യയുടെ ജനാധിപത്യ മതേതര സംവിധാനം കെട്ടിപ്പടുത്ത ദേശീയ നേതാക്കളോ അതിൽ വിശ്വസിക്കുകയും അതിനെ ആശ്രയിക്കുകയും ചെയ്യുന്ന ജനതയോ മാപ്പ് നൽകുന്ന കാര്യമല്ല ഇതത്രയും.
പ്രതിസന്ധികൾ ഏതു വരുമ്പോഴും രാജ്യത്തെ ജനങ്ങൾക്കുള്ള ആദ്യത്തെയും അവസാനത്തെയും ആശ്വാസം ജനാധിപത്യ വ്യവസ്ഥയും അതിനെ താങ്ങിനിർത്തുന്ന തെരഞ്ഞെടുപ്പ് സംവിധാനവുമാണ്. അതിൽ ഇടപെടുകയും ജനവിശ്വാസം തകർക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് എത്രയും പെട്ടെന്ന് പിന്തിരിയുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് സമദാനി ആവശ്യപ്പെട്ടു.മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷമീർ ഇടിയാട്ടയിൽ, ട്രഷറർ വി വി ഹമീദ്, ഭാരവാഹികളായ ടി കെ റഷീദ്, വി മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കിടിക്കൽ, കെ ആർ റസാക്ക്, പി പി ഉമ്മർ, ടി എ മജീദ്, യു മുനീബ്, എ വി അഹമ്മദ്, സുബൈർ കൊട്ടിലുങ്ങൽ , ഷാനവാസ് വട്ടത്തൂർ, അഡ്വ അഷ്‌റഫ്, ടി കെ ഗഫൂർ, ടി പി മുഹമ്മദ്, കദീജ മൂത്തേടത്ത്, റാഷിദ് സെല്ലു എന്നിവർ പ്രസംഗിച്ചു. ഉമ്മർ തലാപ്പിൽ, അൻവർ എം കെ, പി വി ഇബ്രാഹിം കുട്ടി, പി കെ അബൂബക്കർ, സി എം അബു, കെ കെ ബീരാൻ കുട്ടി, കെ പി കമറു,കുഞ്ഞുമുഹമ്മദ് കടവനാട്, എം പി നിസാർ, കുഞ്ഞിമോൻ ഹാജി, ഷബീർ ബിയ്യം, പി ബീവി, ആയിഷ ഹസ്സൻ, കെ സി ശിഹാബ്, സി കെ അഷ്‌റഫ്, സി പി ശിഹാബ്, ഇപി എനു, സലീം കോക്കൂർ,അബ്ദുല്ല കുന്നനയിൽ എന്നിവർ നേതൃത്വം നൽകി.






