ചങ്ങരംകുളം:ജനിച്ചു വളർന്ന നാടും വീടും വിട്ട് മറ്റിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട നാട്ടിലെ പെൺമക്കൾക്ക് ഒത്തുചേരലിന്റെ മധുരമേകി ‘ആലംകോടിന്റെ പെൺമക്കൾ’കൂട്ടായ്മയുടെ സ്നേഹസംഗമം നടന്നു. തങ്ങളുടെ ബാല്യം ചെലവഴിച്ച ആദ്യ പാഠശാലയായ ചിയ്യാനൂർ സ്കൂളിൽ നടന്ന പരിപാടിയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻകാല കൂട്ടുകാരികൾ പങ്കെടുത്തു.
അയൽപക്ക ബന്ധങ്ങൾ പോലും അന്യമാകുന്ന ഈ കാലത്ത്, ഒരു നാട് മുഴുവൻ ഒരു കുടുംബമായി ജീവിച്ച സുന്ദരകാലത്തിന്റെ ഓർമ്മകളാണ് സംഗമത്തിൽ ഓരോരുത്തരും അയവിറക്കിയത്.വിവാഹത്തോടെ നാട് അന്യമായിപ്പോകുന്ന പെൺമക്കളുടെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയുടെ മൂന്നാമത് വാർഷിക സംഗമമാണ് ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ വെച്ച് നടന്നത്
വർഷത്തിലൊരിക്കൽ ഒത്തുചേരുന്ന വേദിയിൽ,ജീവിതപ്രാരാബ്ധങ്ങൾ മാറ്റിവെച്ച് പ്രായവ്യത്യാസമന്യേ പഴയ കളിക്കൂട്ടുകാരും മുതിർന്നവരും സൗഹൃദം പങ്കിട്ടു.വിവിധ കലാപരിപാടികൾ, കളികൾ,അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയോടെ ഒരു പകൽ മുഴുവൻ നീണ്ടുനിന്ന പരിപാടി വേറിട്ട ഒരനുഭവമായി മാറി. ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് തിരികെ നടക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഓരോരുത്തരും മടങ്ങിയത്.നസി റഹ്‌മാൻ, സൈന എൻ.പി, റുക്സാന ഇർഷാദ്, ജമീല ഖാദർ, ഷറീന മുജീബ് റഹ്‌മാൻ, ഷാനി റംഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി







