എടപ്പാൾ:പ്രമുഖ കഥാകൃത്തും എഴുത്തുകാരനുമായ പി. സുരേന്ദ്രന്റെ പുതിയ നോവലായ ‘നിലാവിന്റെ വിളക്കുകൾ (ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളിച്ച ബിലാലിനെ കുറിച്ചുള്ള നോവലിന്റെ )ഒക്ടോബർ 8 ന് എടപ്പാളിൽ നടക്കുന്ന പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട് ഉയർത്തിയ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ച നിലയില്‍.സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് സംഘാടകർ ആരോപിച്ചു.വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്. ഐ എടപ്പാളിൽ പ്രകടനം നടത്തിയത്.ഈ സമയത്ത് ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചെന്നാണ് ആരോപണം.സാംസ്കാരിക വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ്, അഡ്വ. വി. എസ് ജോയ് എം. എൽ. എ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പുതിരി, മുസ്ലിം ലീഗ് നേതാവ് ഡോ. സി.പി ബാവഹാജി എന്നിവരുടെയും കഥാകൃത്ത് പി. സുരേന്ദ്രൻ എന്നിവരുടെ ഫോട്ടോയുള്ള ബോർഡുകളാണ് നശിപ്പിച്ചത്.സി.പി. എം നേതാക്കളുടെ പേരും ഫ്ലെക്സ് ബോർഡിൽ ഉണ്ട്.സ്വന്തം നേതാക്കൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയുടെ ഫ്ലക്സ് ബോർഡ് തകർത്ത ഡി. വൈ. എഫ്. ഐ നിലപാട് ഞ്ഞെട്ടിക്കുന്നതാണെന്ന് യു. ഡി. എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.






