വെളിയങ്കോട്:പുതിയ തലമുറയ്ക്ക് കൃഷിയറിവുകൾ പകർന്നു നൽകുന്നതിനൊപ്പം വേറിട്ട കാർഷിക പരീക്ഷണവുമായി വെളിയങ്കോട് എംടിഎം കോളേജ്.കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പാടശേഖരത്തിൽ അപൂർവ്വയിനത്തിൽപ്പെട്ട കറുത്ത അരി നെൽക്കൃഷിക്ക് തുടക്കം കുറിച്ചു.കാർഷിക സംസ്കാരത്തെ ക്യാമ്പസിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവം പ്രിൻസിപ്പൽ ഡോ. രജത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോളേജ് എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഹാവ്വഹുമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷഫീർ എന്നിവർ സന്നിഹിതരായിരുന്നു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുഹൈബ് സ്വാഗതം പറഞ്ഞു. പുതിയ കാലത്തെ വിദ്യാർത്ഥികളിൽ മണ്ണറിവും കാർഷികാവബോധവും വളർത്താൻ ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടകർ അഭിപ്രായപ്പെട്ടു.ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ‘വിലക്കപ്പെട്ട അരി’
ഏറ്റവും ഉയർന്ന പോഷകഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒരു അപൂർവ ധാന്യമാണ് കറുത്ത അരി. പുരാതന ചൈനയിൽ ചക്രവർത്തിമാർക്ക് മാത്രം കഴിക്കാൻ അനുവാദമുണ്ടായിരുന്നതിനാൽ ഇത് ‘വിലക്കപ്പെട്ട അരി’ (Forbidden Rice) എന്നും അറിയപ്പെടുന്നു.ഇതിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിൻ’ (Anthocyanin) എന്ന ഘടകമാണ് അരിക്ക് കറുപ്പ് കലർന്ന പർപ്പിൾ നിറം നൽകുന്നത്.ബ്ലൂബെറിയിലുള്ളതിനേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ അരിയിൽ പ്രോട്ടീനും നാരുകളും ഉയർന്ന അളവിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഇത് ഏറെ സുരക്ഷിതമാണ്.മണിപ്പൂരിലെ ‘ചക്-ഹാവോ’ (Chak-hao)തമിഴ്‌നാട്ടിലെ ‘കവുനി അരി’ എന്നിവയാണ് ഇതിന്റെ പ്രധാന ഇന്ത്യൻ ഇനങ്ങൾ.
കേരളത്തിലെ പാടശേഖരങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഈ നെൽക്കൃഷിയിലൂടെ വേറിട്ടൊരു കാർഷിക വിപ്ലവത്തിനാണ് വെളിയങ്കോട് എം.ടി.എം. കോളേജ് തുടക്കമിട്ടിരിക്കുന്നത്.







