കൊല്ലം: എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തയാൾ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചു കീറിയത് വലിയ ചർച്ചയായിരുന്നു. വിഷയം യുഡിഎഫ് പ്രവർത്തകർ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. എന്നാൽ പ്രകടനത്തിൽ ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയത് എന്നായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഫ്ളെക്സ് കീറിയ അക്ബർ ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെയാണെന്ന് പറഞ്ഞ അക്ബർ ഷാ കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയതെന്നും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
‘ഇന്നിപ്പോൾ ഞാനാണ് വാർത്തകളിൽ താരം. ഞാൻ ഒരു താരമാകണമെന്ന് കരുതി ഒന്നും ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്‌ഐ പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാർ തന്നെ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാൻ എസ്എഫ്‌ഐയിലടക്കം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ നുഴഞ്ഞു കയറി വന്നതല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫ്‌ളെക്‌സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ ഫ്‌ളെക്‌സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം’ അക്ബർ ഷാ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഫ്ളെക്സ് കീറൽ.
വ്യാഴാഴ്ച ഒന്നരയോടെ, എസ്.എൻ.കോളേജിന് മുന്നിൽനിന്നാണ് എസ്.എഫ്.ഐ.യുടെ പ്രകടനം ആരംഭിച്ചത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയുമെല്ലാം ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിച്ചു. ചിന്നക്കടയിലെത്തുമ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്ത് റോഡിലെ ഡിവൈഡറിൽ സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഓർമ്മദിനത്തിന്റെ ഫ്‌ളെക്‌സ് ബോർഡ്, പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരാൾ പാഞ്ഞെത്തി വലിച്ചുകീറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വാർത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ വന്നു. തുടർന്ന് പ്രകടനത്തിലേക്ക് നുഴഞ്ഞു കയറി വന്ന ആളാണ് ഫ്‌ളെക്‌സ് തകർത്തതെന്ന വാദമാണ് എസ്എഫ്‌ഐ-സിപിഎം നേതാക്കൾ ഉയർത്തിയിരുന്നത്. ഇയാൾ എങ്ങനെ പ്രകടനത്തിന് എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഷ്ണു അറിയിച്ചിരുന്നു.
എസ്.എഫ്.ഐ. പിന്നീട് കോടിയേരിയുടെ പുതിയ ബോർഡ് ഇതേ സ്ഥലത്ത് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസും ചിന്നക്കടയിൽ കോടിയേരിയുടെ ഫ്‌ളെക്‌സ് സ്ഥാപിക്കുകയുണ്ടായി.








