കൊച്ചി: ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്. 11,270 കോടി ഡോളർ ആസ്തിയോടെയാണ് (ഏകദേശം 10.71 ലക്ഷം കോടി) അദ്ദേഹം പട്ടികയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയത്. നേരത്തെ 2022-ലെ പട്ടികയിലും അദാനി ഒന്നാമതുണ്ടായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 8,630 കോടി ഡോളറിന്‍റെ (8.31 ലക്ഷം കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളതായി ഫോബ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലാഭവിഹിതത്തിലെ സമ്മർദ്ദം, ഓഹരി വിലയിലെ ഇടിവ്, വൻതോതിലുള്ള മൂലധനച്ചെലവ്, ആഗോളസാമ്പത്തിക പ്രതിസന്ധികൾ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഒന്നാം സ്ഥാനം നഷ്ടപ്പെടാനുള്ള കാരണങ്ങൾ.
39.8 ബില്യൺ ഡോളർ ആസ്തിയോടെ ഒപി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത കൂടിയാണ് സാവിത്രി ജിൻഡാൽ. ആഴ്സലർ മിത്തൽ തലവൻ ലക്ഷ്മി മിത്തൽ നാലാമതും ടെലികോം കമ്പനി ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ അഞ്ചാമതുമാണ് പട്ടികയിൽ.
ഫോബ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ മുത്തൂറ്റ് ഫിനാൻസാണ് ഏറ്റവും മുന്നിലുള്ളത്. 9.2 ബില്യൺ ആസ്തിയുമായി 24-ാം സ്ഥാനത്താണ് മുത്തൂറ്റ്. അതിസമ്പന്ന വ്യക്തികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മുത്തൂറ്റിന് തൊട്ടുപിന്നിൽ. 5.75 ബില്യൺ ഏകദേശം 55,400 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ 47-ാം സ്ഥാനത്താണ് അദ്ദേഹം.
5.4 ബില്യൺ ആസ്തിയുമായി ജോയ് ആലുക്കാസ് ആണ് പട്ടികയിൽ തൊട്ടുപിന്നിലുള്ള മലയാളി. നിലവിൽ ഇന്ത്യയിൽ 100 ഔട്ട്ലെറ്റുകളും വിദേശത്ത് 60 ഔട്ട്ലെറ്റുകളും അദ്ദേഹത്തിനുണ്ട്. മണി എക്സ്ചേഞ്ച് സ്ഥാപനം, മാളുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രധാന നിക്ഷേപ മേഖലകൾ. ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളി, ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി മേനോൻ, ജെംസ് എഡ്യുക്കേഷൻ മേധാവി സണ്ണി വർക്കി, കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ എന്നിവരാണ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.








