തൃത്താല: സമ്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ തൃത്താല പഞ്ചായത്ത് തല ഉദ്ഘാടനം വി.ടി. ബൽറാം എംഎൽഎ നിർവഹിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘കൈയോട് കൈ’ എന്ന സന്ദേശമുയർത്തി തൃത്താല സെന്ററിൽ വമ്പിച്ച മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർ ശുചിത്വ പ്രതിജ്ഞയെടുത്തു.
ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, എൻഎസ്എസ് വിദ്യാർഥികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ശുചീകരണ യജ്ഞത്തിലും മനുഷ്യച്ചങ്ങലയിലും പങ്കാളികളായി.










