തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം.പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്‍ശനം പിഎം ശ്രീ നടപ്പാക്കുന്നതില്‍ ഉന്നയിച്ചിരുന്നു.
നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല്‍ നിലവില്‍ മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് വിവരം.








