തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡില്‍ ഇനി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫിക്കേഷനിറക്കി. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.2024ല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്.ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019 ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം കര്‍ശനമാക്കിയത്.
എന്നാല്‍ ബസിന്റെ വെള്ളനിറം ടൂറിസത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നല്‍കിയതിന് ശേഷം വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.







