തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയെ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. അതിനാല്‍ പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഉത്തരവ്.
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം ( മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ) അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കത്തക്ക വിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷാ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടവരാത്ത വിധം പൂര്‍ണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. ജില്ലാ പൊലീസ് മേധാവികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധനല്‍കി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.









