മലപ്പുറം: ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ ബുധനാഴ്‌ചയാണു മരിച്ചത്. ഇക്കഴിഞ്ഞ 15-ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ഒരാൺകുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഒരാഴ്‌ചയ്ക്കിടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ജില്ലയിൽ ബുധനാഴ്‌ചവരെ 103 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 476 പേർ ഇതുമായി ബന്ധപ്പെട്ട് നീരീക്ഷണത്തിലുമുണ്ട്. രോഗത്തിനെതിരേ കൃത്യമായ മുൻകരുതലും വാക്‌സിനേഷനും എടുക്കുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരുവർഷം 25 ലക്ഷം കുട്ടികളെ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രോഗലക്ഷണങ്ങൾ
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതൽ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണുക. ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. കൂടാതെ പനി, ചുമ, ജലദോഷം, ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയ്ക്കും സാധ്യതയുണ്ട്.
രോഗം പകരുന്നത്
വൈറസുകൾ വായുവിലൂടെയാണ് പകരുക. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുക. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്കുതെറിക്കുന്ന ചെറിയ കണികകളിൽ വൈറസുകളും ഉണ്ടാകും.
രോഗം ബാധിക്കുന്നത്
കൗമാരപ്രായക്കാരിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാകാറുണ്ട്. എന്നാൽ ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകുക.
ചികിത്സയും പ്രതിരോധവും
മീസൽസ് റുബല്ല അഥവാ (എം.ആർ. വാക്‌സിൻ) കൃത്യമായി എടുക്കുന്നതുവഴി രോഗത്തെ തടയാം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. കുട്ടിയുടെ ഒൻപതാംമാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് വാക്‌സിനും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചുവയസ്സുവരെ വാക്‌സിൻ എടുക്കാം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമാണ്
കൃത്യമായി വാക്സിനെടുക്കണം
വാക്സിനേഷനോട് പലരും വിമുഖത കാണിക്കുന്നുണ്ട്. ഇതൊരു ഗുരുതരപ്രശ്നമാണ്. കൃത്യമായി വാക്സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ തേടരുത്. സാമൂഹിക അകലം പാലിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും ചെയ്യണം. പനിയുള്ളവർ നിർബന്ധമായും മാസ്‌ക് ഉപയോഗിക്കണം. രോഗം പൂർണമായും ഭേദമാകുന്നതുവരെ കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളുകളിൽ അയക്കരുത്.
ഡോ. വി. വിനോദ്
ജില്ലാ മെഡിക്കൽ ഓഫീസർ








