തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭയാത്രക്കിടയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഏഴ് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് മർദനമേറ്റത്. പേരാമംഗലം പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ശോഭയാത്ര നടക്കുന്നതിനിടയിൽ റോഡിന്റെ വശങ്ങളിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അരുൺ ബാലൻ. ഇതിനിടെ ശോഭയാത്രയിലുണ്ടായിരുന്ന ചിലർ സംഘം ചേർന്നെത്തുകയും, യാതൊരു പ്രകോപനവുമില്ലാതെ തന്നെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു എന്നാണ് അരുൺ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. യുവാവിനെ റോഡിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മർദനമേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠൻ, രാജു, അപ്പു എന്നീ ഏഴ് പേർക്കെതിരെയാണ് പേരാമംഗലം പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മർദനമേറ്റ അരുൺ, നിഖിൽ, രാഹുൽ എന്നീ മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.








