ന്യൂഡൽഹി: പാചകവാതകത്തിന്റെ റീഫിൽ ബുക്കിംഗിനുള്ള ഇടവേളയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.’മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലുണ്ടായ സമ്മർദ്ദം കണക്കിലെടുത്ത് നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള. എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്.
ഇനി നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം’- കുറിപ്പിൽ വ്യക്തമാക്കുന്നു.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എൽപിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടർ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകൾ അടക്കമുള്ളവർ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയി. ഇതിനിടെ ഇന്ത്യയിൽ എൽപിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയുടെ എൽപിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്നാണ് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ – ഓഗസ്റ്റ് കാലയളവിൽ 13.4 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ എൽപിജി ഉപഭോഗം ഈ വർഷം ഇതേ കാലയളവിൽ 11.3 ദശലക്ഷം ടണ്ണായി ചുരുങ്ങി. എൽപിജി വിതരണത്തിൽ തടസം നേരിട്ടതോടെ പൈപ്പ് വഴിയുള്ള പ്രകൃതി വാതക ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായതോടെയാണ് ഈ കുറവ് വന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്.








