എടപ്പാൾ:പക്ഷാഘാതം വന്ന് ഒരു ഭാഗം തളർന്ന് ചികിത്സയിൽ കഴിയുന്ന കടകശ്ശേരി ഐഡിയൽ ക്യാമ്പസിലെ മുൻ കായികാധ്യാപകൻ എം.വി. അജയന് കൈത്താങ്ങുമായി ഐഡിയൽ അലൂംനി അസോസിയേഷന്‍ സംഘടനയുടെ നേതൃത്വത്തിൽ 3,05,000 രൂപ സമാഹരിച്ച് ചികിത്സാ സഹായ ഫണ്ടിലേക്ക് കൈമാറി.കടകശ്ശേരി സ്വദേശിയായ എം.വി. അജയൻ ഐഡിയലിൽ നിന്ന് രാജിവെച്ച് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് പക്ഷാഘാതം സംഭവിച്ചത്. തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരുമില്ലാതെ ചികിത്സയിൽ കഴിയുന്ന വിവരം പത്രവാർത്തകളിലൂടെയാണ് നാട്ടുകാർ അറിഞ്ഞത്.ഇതേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ,മജീദ് പുളിയങ്കോടത്ത്,കെപി വേണു,ശിഹാബ്തങ്ങൾ കടകശ്ശേരി,സിപി അബ്ദുല്ല, ജ്യോതി പടിക്കൽ എന്നിവർ രക്ഷാധികാരികളും
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമൽ ചെയർമാനും
പഞ്ചായത്ത് മെമ്പർ അഷ്റഫ് അമ്മായത്ത് കൺവീനറും വാർഡ്മെമ്പർ മുത്തു ട്രഷററുമായി എം.വി. അജയൻ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അജയനെ നാട്ടിലെത്തിക്കുകയും ചെയ്തു.ആശ്വാസ സഹായമായി ഐഡിയൽ സ്കൂൾ അധികൃതർ നല്ലൊരു തുക ആദ്യമേ നൽകിയിരുന്നു.തുടർ ചികിത്സയ്ക്കുള്ള സഹായം കൂടി ലക്ഷ്യമിട്ട് നടന്ന ശ്രമങ്ങൾക്കിടയിലാണ് ഐഡിയൽ സ്ഥാപനത്തിൽ വിവിധ കാലങ്ങളിൽ പഠിച്ച് വിദേശത്തും സ്വദേശത്തും ജോലിയിലും ബിസിനസിലും ഏർപ്പെട്ടിരിക്കുന്ന പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐഡിയൽ അലുംനി അസോസിയേഷൻ (IAA_) 3,05,000 രൂപ സമാഹരിച്ചത്.ഐഡിയൽ സ്ഥാപനങ്ങളുടെ സി. ഇ. ഒ. മജീദ്ഐഡിയലിന്റെ സാന്നിദ്ധ്യത്തിൽ ഐഡിയൽ അലുംനി അസോസിയേഷന് വേണ്ടി കെപി ഹസ്നത്ത് ,സമീറ,അനീഷ് റഹ്മാൻ ,സഫീദ ,തുടങ്ങിയവർ പ്രസ്തുത തുക ചികിത്സാ സഹായ സമിതിക്ക് കൈമാറി.







