തിരുവനന്തപുരം: വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. ആരോമൽ, അരുൺ, ലാൽ കൃഷ്ണ, സുധീഷ് എന്നിവരാണ് പിടിയിലായത്. ചിതറയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. പോലീസ് എത്തുന്നത് അറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ചിതറ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കിളിമാനൂർ പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ തല മൊട്ടയടിച്ചും മുടിവെട്ടിയും രൂപം മാറ്റിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വടശ്ശേരിക്കോണം സ്വദേശിയായ അനിൽകുമാറിനെ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളല്ലൂരിലുള്ള പണിതീരാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചശേഷം ചങ്ങല ഉപയോഗിച്ച് ബന്ധിച്ചതായാണ് പരാതി. അനിൽകുമാറിന്റെ 20-കാരനായ മകനെ ‘അച്ഛന് അപകടം സംഭവിച്ചു’ എന്ന് പറഞ്ഞ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ബന്ധിക്കുകയും ചെയ്തതായും പരാതിയുണ്ട്.
അമ്മയെ വിളിച്ചുകൊണ്ടുവന്നില്ലെങ്കിൽ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മകനെ തിരിച്ചയച്ചു. ഭയന്ന മകൻ വിവരം വർക്കല പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്ന അനിൽകുമാറിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ഒരു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ പെണ്ണുകാണാൻ സംഘത്തിലുണ്ടായിരുന്ന ഒരാൾ എത്തിയിരുന്നു. മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിലാണ് മർദനമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിനുശേഷം ഒളിവിൽപോയ സംഘത്തെ അഞ്ച് ദിവസത്തിന് ശേഷമാണ് പിടികൂടൂന്നത്. പളനിയുൾപ്പെടെ യാത്ര ചെയ്ത സംഘം ചിതറയിൽ തിരിച്ചെത്തിയ ശേഷം തെറ്റിമുക്കിലെ ക്വാറിയിൽ ഒളിച്ചിരിക്കുകയായിരുന്നു.
പാറയിടുക്കിനുള്ളിൽ തുരങ്കത്തിൽ ഒളിച്ചിരുന്ന സംഘത്തിന്റെ അടുത്തേയ്ക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുമായിരുന്നില്ല. ആൾ സഞ്ചാരം കുറവായതിനാൽ ഒളിച്ചിരിക്കാനും എളുപ്പമായിരുന്നു. എന്നാൽ സമീപ പ്രദേശം പോലീസ് അരിച്ചുപെറുക്കിയതോടെ തങ്ങളെ പിടികൂടുമെന്ന് പ്രതികൾക്ക് ഉറപ്പായി. ഭക്ഷണം ലഭ്യമല്ലാത്തതും പ്രതികളെ കീഴടങ്ങാൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.









