തിരുവനന്തപുരം: ശബരിമലയിൽ ഭക്തജന തിരക്കിനിടെ കൂട്ടംതെറ്റിപോകുന്നവരെ കണ്ടെത്താൻ ഇനി പുതിയ സംവിധാനം. ഇതിനായി എഐ അധിഷ്ഠിതമായ തെർമൽ ക്യാമറകൾ സ്ഥാപിക്കും.നേരത്തെ കൊച്ചിയിൽ നടന്ന കോൺക്ലേവിൽ ഇതിന്റെ മാതൃക അവതരിപ്പിച്ചിരുന്നു. പുതുതായി 400 തെർമൽ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി തിരക്കിൽപ്പെട്ട് കുട്ടികളെയോ വയോധികരെയോ കാണാതായാൽ അവരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.നേരത്തെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഇൻഫർമേഷൻ സെന്ററുകളിൽ നിന്ന് അതത് ഭാഷകളിൽ കൂട്ടംതെറ്റിപോയവരുടെ പേരുകൾ മൈക്കിലൂടെ വിളിച്ചുപറയുന്നതായിരുന്നു രീതി. എന്നാൽ ഇനിമുതൽ കൂട്ടംതെറ്റുന്ന തീർത്ഥാടകരുടെ വിവരം ഇൻഫർമേഷൻ സെന്ററുകളിൽ അറിയിച്ചാൽ അനൗൺസ്‌മെന്റിന് പകരം എഐ ക്യാമറകളിലൂടെ എളുപ്പത്തിൽ കണ്ടെത്താനാകും.കാണാതായ വ്യക്തിയുടെ ഫോട്ടോ വെർച്വൽ ക്യൂവിനായി നൽകിയ ഡേറ്റയിൽ നിന്നെടുത്ത് എഐ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യുന്നു. തുടർന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും. ആളെ തിരിച്ചറിഞ്ഞാലുടൻ കൺട്രോൾ റൂമിന് അലർട്ട് നൽകും. പിന്നീട് കാണാതായ വ്യക്തി നിൽക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ എളുപ്പത്തിൽ ആളെ കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് പുതിയ സംവിധാനം.നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട്, ചെയിൻ സർവീസ് ബസ്റ്റാന്റ് , പമ്പയിലെ ബസ്റ്റാന്റ്, ത്രിവേണി പാലം, ഗണപതി ക്ഷ്രത്രം, പമ്പ-സന്നിധാനം റൂട്ടിലെ നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ക്യൂ കോപ്ലക്സ്, ചരൽമേട് എന്നിവിടങ്ങളിലും സന്നിധാനത്തെ നടപ്പന്തൽ, സോപാനം, പതിനെട്ടാംപടി, പ്രസാദ കൗണ്ടർ, അന്നദാനമണ്ഡപം, പാണ്ടിത്താവളം എന്നിവിടങ്ങളിലുമാണ് എഐ തെർമൽ ക്യാമറകൾ സ്ഥാപിക്കുന്നത്.







