തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.
തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തി കരയിലെത്തിയത്. സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും പോലീസും മൂന്നു മണിക്കൂറോളം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായിരുന്നല്ല. തുടർന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നെടുപുഴ പോലീസും തൃശ്ശൂർ അഗ്നി രക്ഷാസേനയും തിരച്ചിലിൽ പങ്കാളികളായി. നെടുപുഴ എസ്.ഐ. പി. രാജനാരായണൻ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, സീനിയർ ഫയർ ഓഫീസർ പി.എസ്. ബിനു, ശ്രീഹരി, ദിനേശ്, ഗോകുൽ, ഷാജൻ തുടങ്ങിയവർ നേതൃത്വം നൽകി.







