മുംബൈ : വിർച്വൽ അറസ്റ്റ് തട്ടിപ്പിൽ ഇരയായി അഭിഭാഷക. വീഡിയോ കോളിലൂടെ തട്ടിപ്പ് നടത്തിയവർ അഭിഭാഷക അറസ്റ്റിൽ ആണെന്ന് അറിയിക്കുകയും ശരീരത്തിലെ അടയാളം പരിശോധിക്കുന്നതിനായി നഗ്നയാകാൻ ആവശ്യപ്പെടുകയും ചെയ്തു. കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു അഭിഭാഷകയെ തട്ടിപ്പിനിരയാക്കിയത്.
മുംബൈ അന്ധേരി സ്വദേശിനിയായ 36 വയസ്സുകാരിയാണ് സൈബർ തട്ടിപ്പിനിരയായത്. വീഡിയോ കോളിൽ നഗ്നയാക്കി ചിത്രീകരിച്ചതിന് പിന്നാലെ അഭിഭാഷകയിൽ നിന്നും 50,000 രൂപയും സംഘം തട്ടിയെടുത്തു. അഭിഭാഷകയുടെ പേരിലുള്ള സിം കാർഡും നമ്പറും ഒരു കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിം കാർഡ് ഉടൻ ബ്ലോക്ക് ചെയ്യും എന്നും അറിയിച്ചാണ് തട്ടിപ്പ് സംഘം ആദ്യം ഇവരെ സമീപിച്ചത്.
സിം കാർഡ് ബ്ലോക്ക് ചെയ്യാതിരിക്കാനായി പോലീസിൽ നിന്ന് ക്ലിയറൻസ് വാങ്ങണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. തുടർന്ന് മുംബൈ അന്ധേരി സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾ യുവതിയെ വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണക്കേസിൽ അഭിഭാഷകക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഇയാൾ അറിയിച്ചു. തുടർന്ന് യുവതിയോട് വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും രേഖപ്പെടുത്തിയിട്ടുള്ള ശരീരത്തിലെ അടയാളങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ നഗ്നയാകണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു
തുടർന്ന് വനിത ഓഫീസർ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സ്ത്രീയാണ് യുവതിയുമായി വീഡിയോ കോളിൽ ബന്ധപ്പെട്ടത്. തുടർന്ന് ശരീരത്തിലെ അടയാളങ്ങൾ പരിശോധിക്കാനായി യുവതി വസ്ത്രം അഴിക്കുമ്പോൾ ഈ രംഗങ്ങൾ മുഴുവൻ തട്ടിപ്പ് സംഘം റെക്കോർഡ് ചെയ്യുകയായിരുന്നു. തുടർന്നാണ് യുവതിയെ ഭീഷണിപ്പെടുത്തി 50,000 രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവതി നടന്ന സംഭവം ഭർത്താവിനോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് മനസ്സിലാക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.