തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി പത്ത് കോടി രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ബഡ്ജറ്റ് അവതരണത്തിലായിരുന്നു പ്രഖ്യാപനം. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ പല കുടുംബങ്ങളിലും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ ബാദ്ധ്യത ലഘൂകരിക്കുന്നതിനും കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇത് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്ത് കോടി രൂപ വകയിരുത്തുന്നു’ – വി ഡി സതീശൻ പറഞ്ഞു.നേരത്തേ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിയ ഇന്ദിരാ ഗ്യാരണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ആശ്വാസകരമായ പദ്ധതിയായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ കാരുണ്യ പദ്ധതി. ഇതിന്റെ സ്മരണകളുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായിരുന്ന പദ്ധതിയാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഈ പദ്ധതി വളരെയധികം സഹായകരമാകും.






