മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശവുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ നന്ദകുമാറിന്റെ വിവാദ പ്രസ്താവന. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ ശൈലജ, അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എം.എൽ.എയുടെ വിവാദ പരാമർശം.പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങളും നിലപാടുകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
“മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത് നന്ദകുമാര്‍ പറഞ്ഞു
പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വേദിയിൽ സാന്നിധ്യമായിരിക്കെയാണ് ജില്ലയെ ഒന്നാകെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നന്ദകുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മലപ്പുറം ജില്ലയെയും അവിടുത്തെ ജനങ്ങളെയും തീവ്രവാദ സ്വഭാവമുള്ളവരായി ചിത്രീകരിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.







