കോഴിക്കോട് പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ സി.പി.ഐ.എം നേതാക്കൾ ഉൾപ്പെടെ 57 പേർക്കെതിരെ കേസ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി മെഹബൂബ്, പി. മോഹനൻ മാസ്റ്റർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവരെയുൾപ്പടെ പ്രതികളാക്കി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാണ് കേസ്.പി.എ. മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.
പൊതുറോഡിൽ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആർ.സ്ഥലത്ത് പൊലീസുമായി ബലപ്രയോഗം നടത്തിയെന്നും പരാതിയുണ്ട്. ബി എൻ എസ് 189/2, 189/3, 191/2, 190, 285 എന്നി വകുപ്പുകൾ ചേർത്താണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മാസപ്പടി കേസിൽ അന്വേഷണം വേഗത്തിലാക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ നടത്തിയ റെയ്ഡിൽ വീണ.ടി യുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ഇ ഡി പിടിച്ചെടുത്തിരുന്നു. കോടതിയുടെ അനുമതിയോടെ ഇത് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകും. കൂടുതൽ രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. വീണയുടെ സ്വത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സി എം ആർ എല്ലിൽ നിന്ന് ലഭിച്ച രണ്ടുകോടി 78 ലക്ഷം രൂപ പ്രൊസീഡ് ഓഫ് ക്രൈമിന്റെ ഭാഗമാണ്. ഇത് എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്തണമെന്നും ഇ ഡി വ്യക്തമാക്കി








