പുതിയ ദേശീയപാത മലപ്പുറം ജില്ലയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും. വളാഞ്ചേരിക്കും പുത്തനത്താണിക്ക് ഇടയിലാണ് വെട്ടിച്ചിറ ടോൾ പ്ലാസ. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോൾപ്ലാസയുള്ളത്. ദേശീയപാത അതോറിറ്റി നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർ ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തുകയാണെങ്കിൽ പ്രതിമാസം 340 രൂപ നിരക്കിൽ പാസ് ലഭിക്കും.കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് നിരക്ക്. മാസം 4875 രൂപ പ്രതിമാസ നിരക്കിൽ പാസ് ലഭിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾക്ക് ഒരു യാത്രക്ക് 235 രൂപയും മാസ പാസ് 7875 രൂപയുമാണ്. രണ്ട് ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു തവണ 495 രൂപയും പ്രതിമാസ പാസിന് 16,505 രൂപയും നൽകണം.മൂന്ന് ആക്സിലുള്ള വാണിജ്യ വാഹനങ്ങൾ ഒരു തവണ കടന്നു പോകാൻ 540 രൂപയും ഒരുമാസത്തേക്ക് പാസ്സിന് 18,005 രൂപയുമാണ് നൽകേണ്ടത്. നാലുമുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ ഒരു യാത്രക്ക് 775 ഉം മാസ പാസ്സിന് 25880 രൂപയും നൽകണം. ഏഴും അതിനുമുകളിലും ആക്സിലുള്ളവ -945 രൂപ ഒരു തവണ നൽകണം. 31,510 രൂപ നൽകിയാൽ പ്രതിമാസ പാസ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ടോൾ പ്ലാസ കടക്കുന്നവർ രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. അതേസമയം, ദേശീയപാതയിൽ കൂരിയാട്ട് തകർന്ന ഭാഗത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. കോഴിക്കോട് ബൈപ്പാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ഈ മാസം 15 മുതൽ ടോൾ ഈടാക്കി തുടങ്ങിയിരുന്നു.








