ചങ്ങരംകുളം :പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ‘കാരുണ്യത്തിന്റെ കരുതൽ’ എന്ന പാരിപാടി പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നും ശേഖരിച്ച ശുദ്ധമായ നാടൻ വിഭവങ്ങൾ,പാലിയേറ്റിവ് ധനസമാഹാരണത്തിലേക്ക് സംഭാവന നൽകിയ പൊതുജനങ്ങൾക്ക് സ്നേഹോപഹാരമായി നൽകുന്നതായിരുന്നു പരിപാടി.വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച മാങ്ങ, ഇഞ്ചി, വാഴകൂമ്പ്, ചക്ക, പപ്പായ, വിവിധയിനം ഇലക്കറികൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പൊതുജനങ്ങൾക്കായി നൽകിയത്.പാലിയേറ്റീവ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ എത്തിയവർക്ക് സ്നേഹോപഹാരമായാണ് ഈ വിഭവങ്ങൾ നൽകിയത്. നാടൻ വിഭവങ്ങൾ ശേഖരിക്കുന്നതിനും അവ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വിദ്യാർത്ഥികൾ കാട്ടിയ ആവേശം വലിയ പ്രശംസ പിടിച്ചുപറ്റി.കാരുണ്യ പ്രവർത്തനങ്ങളിൽ കേവലം പണം നൽകുന്നതിലുപരി, അധ്വാനത്തിന്റെ വിഹിതം കൂടി ചേർത്തുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിലൂടെ ലഭിച്ച തുക പൂർണ്ണമായും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് എൻ.എസ്.എസ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ പാലിയേറ്റിവ് ഡേ പ്രവർത്തനങ്ങളുടെ കോളേജ് തല ഉത്ഘാടനം നിർവഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ. പി, വളന്റിയർ സെക്രട്ടറി ശരത്. ടി. വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.











