തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ സ്മാരകത്തിന് സ്ഥലം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം കവടിയാറിലാണ് കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. ഇതിനായി തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമി പാട്ടത്തിന് നല്‍കാനാണ് തീരുമാനം.മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്. തലശ്ശേരിയില്‍ അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠനഗവേഷണ കേന്ദ്രത്തിനും സ്ഥലം അനുവദിച്ചിട്ടുണ്ട്. പാട്ടത്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. വാടിക്കകത്ത് 1. 139 ഭൂമി പാട്ടത്തിന് നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കുക.കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍ മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് ഏതെങ്കിലും മുന്നണിയിലേക്ക് വരണമെന്ന് യുഡിഎഫ് അടക്കം ആവശ്യപ്പെട്ടാല്‍ തങ്ങളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി ചോദിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ടാണ് മറ്റ് മുന്നണികള്‍ അവരുടെ ആവശ്യം ഉന്നയിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ പലതരത്തിലുള്ള അഭിപ്രായമുണ്ടാകാം.വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇല്ലാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് പല അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അവയെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അഞ്ച് എംഎല്‍എമാരും അതിനൊപ്പം നില്‍ക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.











