തന്ത്രിയുടെ അറസ്റ്റിൽ സംശയങ്ങളുണ്ട്, മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ബിജെപിയുടെ അഭിപ്രായം കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ പറഞ്ഞു. അറസ്റ്റിന് എന്തിനായിരുന്നു ഇത്ര തിടുക്കം. മൂന്നു മന്ത്രിമാർ പുറത്തുണ്ട്; എന്തുകൊണ്ട് അറസ്റ്റ് ഉണ്ടായില്ല.
അവർക്കില്ലാത്ത ഉപാധി എന്തിനാണ് തന്ത്രിക്ക്. കുറ്റവാളികൾ ശിക്ഷക്കപ്പെടട്ടെ. കേസിൽ ഫയലുകളിൽ ഒപ്പിട്ട മന്ത്രിയുണ്ട് ദേവസ്വം കമ്മീഷ്ണറുണ്ട്. തന്ത്രിയെ ചാരി മന്ത്രിമാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. തന്ത്രിയുടെ കുടുംബവുമായി അടുപ്പമുണ്ട് അതുകൊണ്ടാണ് വീട്ടിലെത്തിയത്. ജില്ലാ അധ്യക്ഷൻ എന്ന നിലയിൽ വീട്ടിൽ സന്ദർശനം നടത്തി. ഈ നാട്ടിൽ നടക്കുന്ന സംഭവത്തിൽ ഇടപെട്ടുവെന്നേയുള്ളുവെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി .
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെയാണ് ബിജെപി നേതാക്കൾ സന്ദർശനം നടത്തിയത്. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെങ്ങന്നൂരിലുള്ള തന്ത്രിയുടെ വീട്ടിലാണ് ബിജെപി നേതാക്കൾ എത്തിയത്. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച്ച. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ ബിജെപി ഒരു നിലപാട് വ്യക്തമാക്കിയിരുന്നില്ല.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്.
ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.











