ചങ്ങരംകുളം:കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സർവനാശത്തിന് ഇടയാക്കുന്ന സർക്കാറിൻ്റെ മദ്യ നയത്തിന് എതിരെ കൂടി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി വിധിയെഴുതിയ കേരള ജനതയുടെ ഉയർന്ന ജനാധിപത്യ പ്രതികരണ ശേഷിയെ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കാളാച്ചാൽ ഓഡിറ്റോറിയത്തിൽ കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ജനാഭിലാഷം പ്രതിഫലിപ്പിക്കാൻ വേണ്ട പ്രചാരണവും ബോധവൽക്കരണവും നടത്താൻ സമിതി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളും മുന്നണികളും അവരുടെ മദ്യനയം പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം എന്ന് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.മദ്യ നിരോധന സമിതി താലൂക്ക് പ്രസിഡണ്ട് രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ റിപോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ്പ്രസിഡൻ്റ് സിദ്ദീഖ് മൗലവി അയിലക്കാട്, അടാട്ട് വാസുദേവൻ, കുഞ്ഞി മുഹമ്മദ് പന്താവൂർ, പി.പി. ഖാലിദ്, മുജീബ് കോക്കൂർ, പി. കെ. അബ്ദുല്ലക്കുട്ടി, കെ.സി. അലി വട്ടംകുളം, കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു.











