ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ വീണ്ടും ഐപിഎല്ലില്‍ കളിക്കാനെത്തുമെന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമീനുള്‍ ഇസ്ലാം ബുള്‍ബുള്‍. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നാലെ ലോകകപ്പ് കളിക്കാൻ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ്. പിന്നാലെ രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചതോടെ മുസ്തഫിസുറിനെ ഐപിഎല്ലിലേക്ക് തിരിച്ചെടുക്കാമെന്ന ഓഫർ ബിസിസിഐ മുന്നോട്ട് വെച്ചെന്ന തരത്തിലുള്ള വ്യാപകമായ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരിച്ച് ബിസിബി പ്രസിഡന്റ് അമീനുൾ ഇസ്ലാം രംഗത്തെത്തിയത്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രചരിക്കുന്നതെന്നാണ് ബിസിബി പ്രസിഡന്‍റ് പറയുന്നത്.’മുസ്തഫിസുറിനെ ഐപിഎല്ലിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി രേഖാമൂലമോ വാക്കാലോ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. ബിസിബിയിലും ഇക്കാര്യം ചര്‍ച്ചയായിട്ടില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്’- ബിസിബി പ്രസിഡന്‍റ് ബുള്‍ബുള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.











