മുൻകാല റെക്കോഡുകളെ ഭേദിക്കുന്ന വാഹന വിൽപ്പനയാണ് ഈ വർഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 45 ലക്ഷത്തോളം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് വിറ്റഴിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന രണ്ട് കോടിക്ക് മുകളിലാണെന്നാണ് കണക്കുകൾ. രാജ്യത്തെ വാഹന മേഖലയിലെ നേട്ടങ്ങൾക്കൊപ്പം കേരളത്തിലും വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേരളത്തിൽ കഴിഞ്ഞ ഒരുവർഷം എത്തിയ വാഹനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. 2025-ൽ കേരളത്തിൽ 8,78,863 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്. 2025 ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൽ 1,88,92,383 വാഹനങ്ങളാണ് ആകെയുള്ളതെന്നും എംവിഡി അറിയിച്ചു.











