തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 880 രൂപ കൂടി 103,560 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,945 രൂപയുമായി. ഇന്നലെയും പവന് 560 രൂപ കൂടി 102,680 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 23ഓടെയാണ് പവൻ വില ഒരു ലക്ഷം കടന്നത്. അന്ന് പവന് 101,600 രൂപയും ഗ്രാമിന് 12,945 രൂപയുമായിരുന്നു. ഇത് സ്വർണവിപണിയിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.സുരക്ഷിതനിക്ഷേപം എന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നത് മഞ്ഞലോഹത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞദിവസം വിപണിയിലെ ലാഭമെടുപ്പിനെ തുടർന്ന് അന്താരാഷ്ട്രവില ഇടിഞ്ഞിരുന്നു. സ്വർണത്തിനൊപ്പം വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും വില വർദ്ധിക്കുകയാണ്. വെള്ളിക്ക് ഔൺസിന് 75 ഡോളറും പ്ലാറ്റിനത്തിന് 2400 ഡോളറുമാണ് അന്താരാഷ്ട്ര വിപണി വില.










