തുവ്വൂര്‍(മലപ്പുറം): ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമു തീവണ്ടിക്ക് തുവ്വൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പ്ലാറ്റ്ഫോം നീളംകൂട്ടി നവീകരിച്ചതോടെയാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നേരത്തേ പ്ലാറ്റ്‌ഫോമിന് നീളം കുറവായതിനാല്‍ അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് തുവ്വൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്നത്. നാലുമാസംകൊണ്ട് പ്ലാറ്റ്‌ഫോം നീളംകൂട്ടി നവീകരിച്ച് അപകടസാധ്യതയില്ലെന്നു സ്ഥിരീകരിച്ചതോടെയാണ് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. ബുധനാഴ്ചമുതല്‍ തുവ്വൂര്‍ സ്റ്റേഷനില്‍ മെമു നിര്‍ത്തും.ഓഗസ്റ്റില്‍ ഓടിത്തുടങ്ങിയ മെമുവിന് തുവ്വൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ പ്രതിഷേധം വ്യാപകമായിരുന്നു. സ്റ്റോപ്പ് അനുവദിച്ചതോടെ നാട്ടുകാര്‍ക്കും ഇനി യാത്ര എളുപ്പമാകും. കരുവാരക്കുണ്ട് ഉള്‍പ്പെടെയുള്ള മലയോരമേഖലയിലുള്ളവര്‍ തീവണ്ടിയാത്രയ്ക്ക് തുവ്വൂര്‍ റെയില്‍വേസ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നു പോകുന്ന റൂട്ടിലെ ഏക റെയില്‍വേസ്റ്റേഷനും തുവ്വൂരാണ്. ഏറെനാളത്തെ ശ്രമങ്ങള്‍ക്കും കാത്തിരിപ്പിനുംശേഷം ലഭിച്ച മെമു തുവ്വൂരില്‍ നിര്‍ത്താത്തത് നാട്ടുകാരെ പ്രയാസത്തിലാക്കിയിരുന്നു.ഇവര്‍ക്ക് മേലാറ്റൂരോ വാണിയമ്പലത്തോ ചെന്നുവേണം മെമുവില്‍ കയറാന്‍. നാട്ടുകാരുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും എംഎല്‍എയുടെയും നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് തുവ്വൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. രാത്രി 8.35-ന് നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന മെമു 9.24-ന് തുവ്വൂരിലെത്തും. നിലമ്പൂരില്‍നിന്ന് രാവിലെ 3.10-ന് പുറപ്പെടുന്ന മെമു 3.30-ന് തുവ്വൂരിലും 4.20-ന് ഷൊര്‍ണൂരും എത്തും.ഇതിന് 4.30-ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ -എറണാകുളം-ആലപ്പുഴ മെമു, 4.50-ന് പുറപ്പെടുന്ന ചെന്നൈ-വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നിവയ്ക്ക് കണക്ഷന്‍ ലഭിക്കും. നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു അഞ്ചിന് കണ്ണൂരിലേക്കും യാത്രതിരിക്കും.നേരത്തേ, നിലമ്പൂര്‍ ഭാഗത്തേക്ക് രാത്രി തീവണ്ടിയില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനു പരിഹാരംകൂടിയാണ് ഷൊര്‍ണൂരില്‍നിന്ന് 8.35-ന് പുറപ്പെടുന്ന മെമു. ബുധനാഴ്ച തുവ്വൂരില്‍ മെമുവിന് സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.











