ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുക്കാന്‍ കോടതി വിസമ്മതിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് ഡൽഹിയിലെ പിഎംഎല്‍എ കോടതി വ്യക്തമാക്കി. ഇ ഡി രജിസ്റ്റർ ചെയ്ത പരാതി പിഎംഎല്‍എ കോടതി തള്ളി. ഡൽഹിയിലെ പിഎംഎല്‍എ കോടതിയുടെയാണ് നടപടി.2014-ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021-ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. യംഗ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് രണ്ടായിരം കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസിലാണ് ഇഡിക്ക് തിരിച്ചടിയാക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമാക്കുന്ന വിധി വന്നിരിക്കുന്നത്.ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേര്‍ണലും യങ്ങ് ഇന്ത്യയും കോണ്‍ഗ്രസും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോണ്‍ഗ്രസിന് സംഭാവന നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്ക് മാത്രമാണോ പങ്കെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പങ്കില്ലേയെന്നും പിഎംഎല്‍എ കോടതി ചോദിച്ചിരുന്നു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.











