ന്യൂ ഡൽഹി: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൈറൽ ഗാനം പാടി പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനമാണ് എംപിമാർ പാർലമെൻ്റ് കവാടത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ പാടിയത്. “സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ” എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയൻ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയർത്തിയായിരുന്നു പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള എസ്ഐടി അന്വേഷണമല്ല, കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതിഷേധത്തിന് നേതൃത്വം നൽകി.യുഡിഎഫ് എംപിമാരുടെ ഈ വേറിട്ട പ്രതിഷേധം ഉത്തരേന്ത്യയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള എംപിമാർക്ക് കൗതുകമായി. പല എംപിമാരും ഈ പാട്ട് കേൾക്കാൻ പ്രതിഷേധക്കാർക്കൊപ്പം ഒത്തുകൂടുകയും ചെയ്തു.അതേസമയം, സിബിഐ അന്വേഷണം വേണമെന്ന എംപിമാരുടെ ആവശ്യത്തോട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല.











