അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ സന്ദർശനത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ. മെസിയെ കാണാൻ ആവശ്യത്തിന് സമയവും സാഹചര്യവും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധിച്ചത്.ബാനറുകൾ തകർത്തും ഗ്രൗണ്ടിലേക്ക് കുപ്പികളും സ്റ്റേഡിയത്തിലെ കസേരകളും വലിച്ചെറിഞ്ഞുമായിരുന്നു ആരാധകർ പ്രതിഷേധിച്ചത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ മെസി ആരാധകരെ അഭിവാദ്യം ചെയ്തെങ്കിലും പെട്ടെന്ന് മടങ്ങിയതും ഗ്രൗണ്ടിൽ രാഷ്ട്രീയക്കാരും നടന്മാരും നിറഞ്ഞതും ആരാധകരുടെ പ്രകോപനത്തിന് കാരണമായി.5,000 മുതൽ 25,000 രൂപ വരെ ടിക്കറ്റിന് മുടക്കിയാണ് ആളുകൾ മെസ്സിയെ കാണാൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ഇതിഹാസ താരത്തെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. കാല്‍ മണിക്കൂറോളം മാത്രമാണ് മെസ്സി സ്റ്റേഡിയത്തില്‍ നിന്നതെന്നും ഈ സമയം തന്നെ മന്ത്രിമാരും മറ്റു നേതാക്കളും അദ്ദേഹത്തെ പൊതിഞ്ഞുനിന്നെന്നും ആരാധകര്‍ പറയുന്നു.ഇതോടെ പ്രകോപിതരായ കാണികള്‍ കുപ്പി ഉള്‍പ്പെടെ കൈയിലുണ്ടായിരുന്നവ സ്റ്റേഡിയത്തിലേക്ക് എറിയുകയും കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ മെസിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിട്ടുണ്ട്.









