മൈസൂരു:കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.
ഈ വർഷം മാർച്ച് 27-ന് വൈകീട്ടാണ് ഇയാൾ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകൾ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ കൊലപ്പെടുത്തിയത്
കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസികോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞ് ദിവസവും വഴക്കിടാറുണ്ട്. സംഭവദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാൻശ്രമിച്ച മകളടക്കം മൂന്നുപേരെയും വെട്ടിക്കൊന്നു.
തുടർന്ന് രാത്രി ഇയാൾ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നുരാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവിൽപ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പോലീസ് കണ്ണൂരിലെ ഇരിട്ടിയിൽനിന്നാണ് അറസ്റ്റുചെയ്തത്. പൊന്നംപേട്ട പോലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്










