ന്യൂഡൽഹി: വ്യോമപ്രതിസന്ധിയെ തുടർന്ന് ഡിസംബർ മൂന്ന് മുതൽ അഞ്ചുവരെയുള്ള തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ വൗച്ചർ പ്രഖ്യാപിച്ചു. ഇൻഡിഗോയുടെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടർന്നാണ് ദിവസങ്ങൾ നീണ്ടുനിന്ന വ്യോമപ്രതിസന്ധിയുണ്ടായത്. ആ സമയത്ത് തങ്ങളുടെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പകരമായാണ് ഇൻഡിഗോ യാത്രാവൗച്ചർ പ്രഖ്യാപിച്ചത്.
അടുത്ത 12 മാസത്തിനുള്ളിൽ നടത്തുന്ന ഏതെങ്കിലും യാത്രകളിൽ ഈ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടമനുസരിച്ചുള്ള നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമെയാണ് ഈ തുക ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദായ എല്ലാവർക്കും യാത്രാ ദൈർഘ്യമനുസരിച്ച് 5000 രൂപ മുതൽ 10000 രൂപ വരെ നഷ്‌ടപരിഹാരം ലഭിക്കും. നിലവിലെ പ്രതിസന്ധികൾ പരിഹരിച്ചുവരികയാണെന്നും 24 മണിക്കൂറിനുള്ളിൽ വിമാനം റദ്ദാകുന്ന അവസ്ഥ കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം, പുതിയ വിമാന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലുണ്ടായ വീഴ്‌ച മൂലം നൂറുകണക്കിന് വിമാനങ്ങൾ ദിവസങ്ങളോളം സർവീസ് നിർത്തിവച്ചതിനാൽ ഇൻഡിഗോയുടെ ശൈത്യകാല ഷെഡ്യൂളിൽ നിന്നും 10 ശതമാനം സർക്കാർ വെട്ടിക്കുറച്ചു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിമാനയാത്രകളിലെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാംമോഹൻ നായിഡു പറഞ്ഞു. ഇത്തരത്തിലുള്ള പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ മറ്റ് എയർലൈനുകൾക്ക് ഒരു മാതൃക സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.











