ഓരോ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്കിംഗ് ആവശ്യങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ആധാര്‍കാര്‍ഡ് ആവശ്യമായി വരാറുണ്ട്. ഇപ്പോഴിതാ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). മറ്റൊരാളിന്റെ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമം.
വ്യക്തിഗതമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റം. മറ്റൊരാളുടെ ആധാര്‍കാര്‍ഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു. രേഖകളുടെ വേരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുളള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പിലാക്കുമെന്ന് യുഐഡിഎഐ, സിഇഒ ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍കാര്‍ഡിന്റെ ലംഘനമായി കണക്കാക്കുന്നു.
ഹോട്ടലുകളും മറ്റ് സ്വകാര്യകമ്പനികളും ഉള്‍പ്പെടെ ആധാര്‍പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന നിരുത്സാഹപ്പെടുത്തുന്നതാണ് ലക്ഷ്യം. ഇതിന് പകരമായി ക്യൂ ആര്‍ കോഡ് സ്‌കാനിംഗ് വഴിയോ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വേരിഫിക്കേഷന്‍ നടത്തുമെന്നാണ് ഭുവനേഷ് കുമാര്‍ അറിയിച്ചത്. രേഖകളുടെ വേരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഉടന്‍ കൊണ്ടുവരും. ഹോട്ടല്‍ പോലെയുളള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെയാണ് ബാധിക്കുന്നത്.
ഇത്തരത്തില്‍ ഫോട്ടോകോപ്പി നല്‍കുമ്പോള്‍ വിവരങ്ങള്‍ ചോര്‍ന്നുപോകുമോ എന്ന ആശങ്ക മൂലമാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഭുവനേഷ് കുമാര്‍ വ്യക്തമാക്കി. ആധാര്‍ വേരിഫിക്കേഷന് വേണ്ടി പുതിയ ആപ്പ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് യുഐഡിഎഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീരീകരിക്കാനുളള സ്ഥലങ്ങളിലെല്ലാം ഈ ആപ്പ് ഉപയോഗിക്കാം. 18 മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്വന്തമായി മൊബൈല്‍ഫോണ്‍ ഇല്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാവും.








