തീയേറ്ററില്‍ ഒരു മമ്മൂട്ടി ചിത്രത്തിനായി എട്ടു മാസത്തോളമാണ് മലയാളം കാത്തിരുന്നത്. ആ കാത്തിരിപ്പൊരിക്കലും നഷ്ടമായിരുന്നില്ലെന്ന് അടിവരയിടുന്ന വെള്ളിയാഴ്ചയാണ് കടന്നുപോകുന്നത്. വേഷപ്പകര്‍ച്ചകള്‍കൊണ്ട് വിസ്മയിപ്പിച്ച മമ്മൂട്ടി താരങ്ങളിലെ മികച്ച നടന്മാരില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന സിനിമയാവുകയാണ് ‘കളങ്കാവല്‍’. മലയാളത്തിന് ഇനിയുമേറെ പ്രതീക്ഷിക്കാവുന്ന ഒരു സംവിധായകനെ കൂടി ‘കളങ്കാവല്‍’ സംഭാവന ചെയ്യുന്നു.മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്റെ ഏറെ പ്രശംസ നേടിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ കഥയൊരുക്കിയ ജിതിന്‍ ഏറെ പ്രശംസ നേടിയിരുന്നു. സംവിധായകനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എട്ടുമാസത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമെന്നതിന് പുറമേ, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘കളങ്കാവലി’നുണ്ട്.നടന്ന സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘കളങ്കാവല്‍’ എന്ന് വ്യാപകപ്രചാരണമുണ്ടായിരുന്നു. ഇത് അണിയറപ്രവര്‍ത്തകര്‍ തന്നെ നിഷേധിക്കുകയുംചെയ്തു. പ്രചരിക്കപ്പെട്ട യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനതതന്തുമാത്രമാണ് ചിത്രത്തിന് പ്രേരണയായതെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ വ്യക്തമാകും. യഥാര്‍ഥ സംഭവത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ, അടിമുടി സിനിമാറ്റിക്കായ തിരക്കഥയാണ് ‘കളങ്കാവലി’നുവേണ്ടി ഒരുക്കിയിരിക്കുന്നത്.ദക്ഷിണ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ അനുഷ്ഠിച്ചുവരുന്ന ഒരാചാരമാണ് ടൈറ്റിലായി ഉപയോഗിച്ചിരിക്കുന്ന ‘കളങ്കാവല്‍’. ആചാരവുമായി കഥയ്ക്ക് നേരിട്ട് ബന്ധമുള്ളതായി ചിത്രത്തില്‍ കാണിക്കുന്നില്ല. കളത്തില്‍ അസുരനെ നിഗ്രഹിക്കുന്നതാണ് ചടങ്ങ്. ആ അര്‍ഥത്തില്‍ പ്രമേയത്തിന് പേരുമായി വിദൂര സാമ്യതയുണ്ട്.കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് കഥ സംഭവിക്കുന്നത്. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. കാട്ടായിക്കോണത്ത് യുവാക്കള്‍ തമ്മിലുണ്ടാവുന്ന തര്‍ക്കം വര്‍ഗീയലഹളയിലേക്ക് വളരുന്നു. ഇതിന്റെ അന്വേഷണത്തിനായി നിയോഗിക്കപ്പെടുന്ന നത്ത് എന്ന് വട്ടപ്പേരുള്ള സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ജയകൃഷ്ണന്‍ എന്ന പോലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയകൃഷ്ണന്റെ അന്വേഷണത്തിലുണ്ടാവുന്ന ദുരൂഹതകളും അതിലേക്ക് സ്റ്റാന്‍ലി ദാസ് എത്തിച്ചേരുന്നതോടെയുണ്ടാവുന്ന വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.’ഡീയസ് ഈറെ’യിലെ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, കുഞ്ചന്‍, ബിജു പപ്പന്‍, മേഘാ തോമസ്, മാളവിക മേനോന്‍, ഗായത്രി അരുണ്‍, അസീസ് നെടുമങ്ങാട്, ധന്യ അനന്യ തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വന്നുപോകുന്നുണ്ട്. ഒരുപാട് പേരുണ്ടെങ്കിലും ഒരാള്‍ പോലും അനാവശ്യമായിരുന്നില്ലെന്ന് പ്രേക്ഷകനെ ബോധിപ്പിക്കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. കൂടാതെ, ചെറുവേഷങ്ങള്‍ക്കുപോലും കഥയില്‍ അവരുടേതായ ഭാഗം നിര്‍വഹിക്കാനുമുണ്ടെന്നതാണ് ശ്രദ്ധേയം.വേഷപ്പകര്‍ച്ചകള്‍ക്ക് എന്നും പ്രശംസിക്കപ്പെടുന്ന താരമാണ് മമ്മൂട്ടി. സാധാരണനിലയില്‍ നായകനടന്മാര്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത കഥാപാത്രത്തെയാണ് ‘കളങ്കാവലി’ല്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയായതുകൊണ്ട് ആ കഥാപാത്രം അനായാസമാണെന്ന് പ്രേക്ഷകന്‍ തെറ്റിദ്ധരിക്കപ്പെടുകയുംചെയ്യും. ഒരുപാട് മാനങ്ങളുള്ള കഥാപാത്രത്തിലും പകര്‍ച്ചകളിലൂടെ അദ്ദേഹം കൈയടി നേടുന്നുണ്ട്. സൂക്ഷ്മാഭിനയത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്നും സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി അടിവരയിടുന്നു. തിരുവനന്തപുരം ഭാഷയാണ് ചിത്രത്തിലുടനീളം മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്നത്.യൂണിഫോമിലല്ലാത്ത പോലീസ് വേഷത്തില്‍ മികച്ച പ്രകടനമാണ് വിനായകനും കാഴ്ചവെക്കുന്നത്. മമ്മൂട്ടിയോടൊപ്പം വരുന്ന ഫ്രെയ്മുകളിലെല്ലാം അദ്ദേഹത്തെ വെല്ലുവിളിക്കുന്ന അഭിനയമാണ് വിനായകന്‍ കാഴ്ചവെക്കുന്നത്. ജിബിന്‍ ഗോപിനാഥും ശ്രുതി രാമചന്ദ്രനും രജിഷ വിജയനും ധന്യ അനന്യയുമുള്‍പ്പെടെ എല്ലാവരും പ്രശംസയര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.ഫൈസല്‍ അലിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഴുക്കിനെ തീരുമാനിക്കുന്നതില്‍ ഫൈസലിന്റെ ഛായാഗ്രാഹണത്തിന് നിര്‍ണായകപങ്കുണ്ട്. മൂഡിനൊപ്പമുള്ള പശ്ചാത്തലസംഗീതത്തിലൂടെ മുജീബ് മജീദ് ഒരിക്കല്‍ കൂടി കൈയടി നേടുകയാണ്. ക്രൈം ഡ്രാമ ഴോണറില്‍ മികവുതെളിയിച്ച മുജീബ് മജീദ്, തന്റെ ശക്തിമേഖലയില്‍ ഒരിക്കല്‍ക്കൂടി കൈയൊപ്പ് പതിപ്പിക്കുന്നു. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ്. ഴോണറിനോട് നീതിപുലര്‍ത്തി, പ്രേക്ഷകനെ ചിത്രത്തില്‍ പിടിച്ചിരുത്തുന്നതില്‍ പ്രവീണിന്റെ പങ്ക് വലുതാണ്. ശബ്ദലേഖനം നിര്‍വഹിച്ച എം.ആര്‍. രാജാകൃഷ്ണന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം നിര്‍വഹിച്ച അഭിജിത്ത് സി, കളറിസ്റ്റ് ലിജു പ്രഭാകര്‍, സംഘട്ടനരംഗമൊരുക്കിയ ആക്ഷന്‍ സന്തോഷ് തുടങ്ങി എല്ലാവരും അവരുടെ ഭാഗം മികച്ചതാക്കി.’ഡെവിളിഷ്’ കഥാപാത്രമായി മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമാണ് ചിത്രത്തില്‍. സാധാരണ ക്രൈം ഡ്രാമ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, കുറ്റവാളിയെ പ്രേക്ഷകന് മുന്നിലേക്ക് ആദ്യംതന്നെ വെളിപ്പെടുത്തുന്നുണ്ട് തിരക്കഥ. പിന്നീട് മിക്കവാറും ഇടങ്ങളില്‍ പ്രതീക്ഷിതവും പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ അപ്രതീക്ഷിതവുമായി മുന്നേറുന്ന കഥയാണ് ചിത്രത്തിന്റേത്. വ്യത്യസ്തതകളുള്ള ഒരു ക്രൈം ഡ്രാമയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണടച്ച് ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ‘കളങ്കാവല്‍’.











