പാലക്കാട്: ആവേശക്കടൽ തീർത്ത കൊട്ടിക്കലാശത്തോടെ പാലക്കാട് ഉപതെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് വോട്ടെടുപ്പ്.പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും ദൃശ്യമായത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി. സരിന്റെ പുറത്തുപോക്കും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, സിപിഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാട്ടെ പരസ്യ പ്രചാരണം ഇതോടെ അവസാനിച്ചിരിക്കുകയാണ്.വൈകിട്ടോടെ ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കി. അണികൾക്ക് ആവേശം പകർന്ന് സ്ഥാനാർഥികളും മുന്നണി നേതാക്കളുമെല്ലാം പ്രചാരണത്തിനു മുൻനിരയിലുണ്ടായിരുന്നു