കുളിരിൽ മൂടിപ്പുതയ്ക്കുകയാണ് ഒരാഴ്ചയായി കേരളം. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന തണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയമാണെങ്ങും. 4 ദിവസമായി മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് തിരുവനന്തപുരം അടക്കം പല ജില്ലകളിലും. വൃശ്ചിക മാസത്തിലെ ഈ അതിശൈത്യം അപൂർവമാണ്. പകൽ താപനില കുറഞ്ഞതിനാൽ രാവിലെയും ഉച്ചയ്ക്കും കടുത്ത തണുപ്പ് അനുഭവപ്പെടുന്നു.
ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് ഇൗ അസാധാരണ തണുപ്പെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറയുന്നു. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസം ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ്. ഇവിടെ 7 ഡിഗ്രിയോളം താപനില കുറഞ്ഞു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലും തണുപ്പേറി










