മലപ്പുറം : ഓട്ടോറിക്ഷ ഡ്രൈവർ ഒതായി പള്ളിപ്പറമ്പൻ മനാഫിനെ ഒതായി പട്ടാപ്പകൽ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിന് ജീവപര്യന്തം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ വി ടെല്ലസാണ് ശിക്ഷവിധിച്ചത്. ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റമാണ് തെളിഞ്ഞത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക മനാഫിന്റെ സഹോദരിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. മുൻ എംഎൽഎ പി വി അൻവറിന്റെ സഹോദരീപുത്രനാണ് ഷെഫീഖ്. രണ്ടാം പ്രതി ഷെഫീഖിന്റെ സഹോദരൻ ഷെരീഫ്, മൂന്നാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, നാലാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീർ എന്ന ജാബിർ എന്നിവരെ വെറുതെവിട്ടു. കൊലപാതകം നടന്ന് ശേഷം വിദേശത്തേക്കു കടന്ന് 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികളെയാണ് വിചാരണക്കെത്തിച്ചത്. സിബിഐയുടെ മുൻ സീനിയർ സ്പെഷൽ പ്രോസിക്യൂട്ടർ വി എൻ അനിൽകുമാറായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകലാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി വി അൻവർ. ഒന്നാംസാക്ഷി കൂറുമാറിയതോടെ 2009ൽ പി വി അന്‍വര്‍ ഉൾപ്പെടെ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഏഴാം പ്രതിയായിരുന്ന അന്‍വറിന്റെ പിതാവ് പി വി ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിക്കുംമുമ്പെ മരിച്ചു. 30 വർഷംമുമ്പാണ് കേസിനാസ്‌പദമായ സംഭവം. 1995ന് ഒതായി അങ്ങാടിയിൽവച്ച് മനാഫിനെ നാട്ടുകാർ നോക്കിനിൽക്കെ പ്രതികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകശേഷം നാല് പ്രതികളും വിദേശത്തേക്ക് കടന്നു. 25 വര്‍ഷത്തോളം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് മറ്റു നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഒന്നാം പ്രതി ഷെഫീഖ് ദുബായില്‍ കഴിയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷാർജയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിലെത്തിയപ്പോഴാണ് പിടിയിലായത്. ഇതോടെ അന്‍വറിന്റെ സഹോദരി പുത്രനും രണ്ടാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളും കീഴടങ്ങി. പി വി അൻവർ അടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള അബ്ദുൽറസാഖിന്റെ റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.







