മലപ്പുറം: മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം നാഗോണ്‍ സ്വ ദേശികളായ ദില്‍ദാര്‍ ഹുസൈന്‍ (27), അജ്ബുറഹ്‌മാന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച 10 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയില്‍ കിഴിശ്ശേരി ആലിന്‍ചുവടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇരുവരും പിടിയിലായത്.വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അത്തരത്തിലുള്ള സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ എസ് പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി എം ഷമീര്‍, എസ് ഐ വി ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.








