മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഝാർഖണ്ട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് രണ്ടു ദിവസമായി കാട്ടാന തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നിലമ്പൂർ മൂലേപ്പാടത്ത് അരയാട് റബർ എസ്റ്റേറ്റിലാണ് സംഭവം. അമ്പത്തിയഞ്ച് വയസുകാരനായ ഝാർഖണ്ട് സ്വദേശി ചാരുവാണ് മരിച്ചത്. ടാപ്പിങ് പൂർത്തിയാക്കി എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.രാവിലെ പത്തരയോടെയാണ് സംഭവം. മറ്റു തൊഴിലാളികൾ ബഹളം വച്ചിരുന്നെങ്കിലും ഇയാൾ ശ്രദ്ധിച്ചിരുന്നില്ല. മരങ്ങൾക്കിടയിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് രണ്ടുദിവസമായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.









