കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ നിർണ്ണായകമായ മൊഴി നൽകി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.









