പൊന്നാനി:അഭിഭാഷകയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.കൊല്‍കത്ത സ്വദേശി സൗരവ് രഞ്ജിത്ത് (21)നെയാണ് അന്വേഷണസംഘം പിടികൂടിയത്.
പൊന്നാനി കോൺവെൻ്റിന് സമീപത്ത് താമസിക്കുന്ന അഭിഭാഷക ധനലക്ഷ്മിയാണ് അക്രമത്തിന് ഇരയായത്.നവംബര്‍ 19ന് രാത്രി ഒമ്പത് മണിയോടെ വീടിൻ്റെ പുറത്തുള്ള ഗേറ്റ് അടച്ചു വീട്ടിലേക്ക് കയറുന്ന സമയത്ത് കാർ പോർച്ചിൽ കാറിൻ്റെ സൈഡിലായി പതുങ്ങി ഇരുന്ന പ്രതി ധനലക്ഷ്മിയെ മുഖത്ത് അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ധനലക്ഷ്മി ഭഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അഭിഭാഷക പൊന്നാനി പോലീസിന് നല്‍കിയ പരാതിയില്‍ പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ പ്രതിയെ പ്രത്യേക അന്വേഷണസംഘം വലയിൽ ആക്കിയത്.
പ്രതി ഇവരുടെ വീട്ടിലും പരിസരത്തും നിത്യ സന്ദർശകനും ഇവരുടെ വീടിനോട് ചേർന്ന് ഉള്ള ഹോട്ടലിൽ ജോലിക്കാരനുമായിരുന്നു.സംഭവ ദിവസം ഹോട്ടലിൽ ജോലിക്ക് എത്താതെ പ്രതി അവധി എടുക്കുകയും ചെയ്തു.
ഹോട്ടലിലെ ജോലിക്കാരനായ മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയെ ഫോണിൽ വിളിച്ച് സംഭവത്തെ കുറിച്ച് ഒന്നും അറിയാത്തത് പോലെ പരിസരത്ത് മോഷ്ടാവിനെ തിരയുന്ന സംഘത്തോടൊപ്പം പ്രതി ചേരുകയും ചെയ്തിരുന്നെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.കറുത്ത തൊപ്പി ധരിച്ച് ആണ് പ്രതി കൃത്യത്തിന് എത്തിയത്. ഈ തൊപ്പി പ്രതിയുടെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.പൊന്നാനി സിഐ എസ്.അഷറഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ സി. വി,ഷിജിമോൻ ,എ.എസ്.ഐ എലിസബത്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ നാസർ , എസ്.പ്രശാന്ത് കുമാർ,സിവിൽ പൊലീസ് ഓഫീസർ സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘവും മലപ്പുറം ജില്ല പോലീസിന് കീഴിൽ ഉളള വിരലടയാള വിദഗ്ധരായ റുബീന,വിമൽ എന്നിവരടങ്ങുന്ന ശാസ്ത്രീയ അന്വേഷണ സംഘവും അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.









