ശബരിമല ദര്‍ശനത്തിനായി തീർത്ഥാടകരുടെ പ്രവാഹം. ഇന്നലെ മാത്രം ശബരിമലയിൽ എത്തിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ആണ്. ഇതുവരെ ആകെ എത്തിയ തീർത്ഥാടകരുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു.ഇന്നലെ മാത്രം സന്നിധാനത്ത് ദർശനം നടത്തിയത് 1,18,886 തീർത്ഥാടകരാണ്. ഇന്നും തിരക്ക് തുടരുകയാണ്. ഇതുവരെ ഏഴരലക്ഷം തീർത്ഥാടകർ ഒൻപത് ദിവസത്തിനുള്ളിൽ സന്നിധാനത്ത് ദർശനം നടത്തി. ഇന്ന് നിലവിൽ സ്പോട്ട് ബുക്കിംഗ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതിനാലാണ് സ്ലോട്ടുകളുടെ എണ്ണം കുറച്ചത്. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്തും.ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാവും സ്പോട്ട്ബുക്കിംഗ് സ്ലോട്ടുകൾ തീരുമാനിക്കുക. ഇന്നലെ മാത്രം 17516 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. തിരക്ക് വർധിക്കുമ്പോളും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.അതേസമയം എരുമേലിയിൽ കൂടി സ്പോട്ട് ബുക്കിംഗ് ആരംഭിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കാനും തീരുമാനമായി. കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബോർഡ് യോഗത്തിൽ ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. തീർത്ഥാടന കാലത്തിൻറെ ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണ വിധേയമാണെന്ന് ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി.









