കണ്ണൂര്‍: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ. വെള്ളൂര്‍ കാറമേലിലെ വി കെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. മറ്റുരണ്ടുപ്രതികളായ വെള്ളൂര്‍ ആറാം വയലിലെ എ മിഥുന്‍ (36), ആലിന്‍കീഴില്‍ കുനിയേരിയിലെ കെ വി കൃപേഷ് (38) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. ഐപിസി 307 സ്‌ഫോകട വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.









