തൃശൂർ: വാടകയ്‌ക്ക് നൽകിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ ബോണറ്റിനു മുകളിലിട്ട് കിലോമീറ്ററുകൾ വാഹനം ഓടിച്ചു. തൃശൂർ തിരൂർ സ്വദേശിയായ ബക്കറാണ് ഉടമയായ സോളമനെ ബോണറ്റിന് മുകളിലിട്ട് അതിവേഗത്തിൽ വാഹനം ഓടിച്ചത്. ഇതുകണ്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയാണ് ഇയാളെ രക്ഷിച്ചത്. കാർ തിരികെ ലഭിക്കാൻ പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടക്കവെയാണ് സംഭവം.ആലുവ സ്വദേശിയായ സോളമൻ രണ്ടു കാറുകളാണ് ബക്കറിന് വാടകയ്‌ക്ക് നൽകിയത്. എന്നാൽ വാടക കൃത്യമായി നൽകാതെയും കാർ തിരികെ എത്തിക്കാതെയും ആയതോടെ കാര്യം അന്വേഷിച്ചപ്പോൾ പകരമായി തന്റെ പേരിലുള്ള ഭൂമി എഴുതി നൽകാമെന്ന് ബക്കർ പറഞ്ഞു. പക്ഷേ ഭൂമി നൽകാതെ വന്നതോടെയാണ് സോളമൻ വാഹനം തേടി തൃശൂരിലെത്തിയത്. എരുമപ്പെടി ഭാഗത്ത് വച്ച് കടം വാങ്ങിയതിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് സോളമൻ കണ്ടു. കാറിലുണ്ടായിരുന്ന ബക്കറിനോട് മുന്നോട്ടെടുക്കാൻ കഴിയില്ലെന്ന് പറയുകയും ബോണറ്റിൽ കിടക്കുകയും ചെയ്‌തു. പക്ഷേ ബക്കർ കാർ മുന്നോട്ടെടുക്കുകയും അതിവേഗത്തിൽ ഓടിക്കുകയും ചെയ്‌തത്.ബോണറ്റിനു മുകളിൽ കിടന്ന് സോളമൻ നിലവിളിക്കാൻ തുടങ്ങി. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അതിനകം തന്നെ പത്ത് കിലോമീറ്റുകളോളം ഇത്തരത്തിൽ സഞ്ചരിച്ചിരുന്നു. എരുമപ്പെട്ടി പൊലീസെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു.








