ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതീവ പോലീസ് സുരക്ഷയിലാണ് എന്‍ വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. എന്‍ വാസുവിന് എതിരെ കോടതിക്ക് പുറത്ത് ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.അതേസമയം, എ പത്മകുമാര്‍ എസ്‌ഐടിയ്ക്ക് മുന്നില്‍ ഹാജരായി. എസ്‌ഐടി തലവന്‍ എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പടെയുള്ള ചോദ്യങ്ങള്‍ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
2019 ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോള്‍ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ എ പത്മകുമാര്‍ നിര്‍ബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാര്‍ മൊഴി നല്‍കിയത്.











